Friday 30 January 2009

സാമ്രാജ്യത്വമേ ചോദിക്കൂ,



സാമ്രാജ്യത്വമേ ചോദിക്കൂ,
ചേരികൾക്‌ ഇനിയുമേറെ പറയാനുണ്ട്‌.......


മുംബൈയിലെ ചേരിയിൽ ജനിച്ച്‌ ഇന്ത്യയുടെ തെരുവുകളിൽ വളർന്ന ജമാൽ മാലിക്‌ മില്ല്യനയർ ഷോയിലെ ചോദ്യങ്ങൾക്ക്‌ എങ്ങനെ ഉത്തരം കണ്ടെത്തി എന്ന അന്വേഷണമാണ്‌ 'സ്ലം ഡോഗ്‌ മില്ലിയനയർ' എന്ന സിനിമ. ഈ അന്വേഷണത്തിലൂടെ അനാവൃതമാകുന്നത്‌ ജമാലിനേയും സലീമിനേയും ലതികയേയും പോലെ ചേരിയിലെ അസംഖ്യം ജനങ്ങളുടെ ജീവിതമാണ്‌. അനുഭവങ്ങളിലൂടെ ചേരികളിലെ ഇന്ത്യ ഏറെ പഠിക്കുന്നു എന്ന്‌ അംഗീകരിക്കാൻ ഫൈവ്‌ സ്റ്റാർ ഹോട്ടലുകളിൽ ഉണ്ട്‌ എ സി റൂമുകളിൽ ഉറങ്ങുന്ന ഇന്ത്യയ്കു കഴിയുന്നില്ല എന്നത്‌ ജമാലിനെ പോലീസ്‌ സ്റ്റേഷനിലെ പീഡനങ്ങളിലേക്കു നയിക്കുന്നു.
ഇന്ത്യൻ കറൻസിയിലെ ഗാന്ധിയെ അറിയാത്ത ജമാൽ 100 ഡോളർ നോട്ടിലെ ബെഞ്ചമിൻ ഫ്രൻങ്ക്ലിനെ അറിയുന്നു എന്നത്‌ അനുഭവ പാഠങ്ങളിൽ സംഭവിച്ച യാദൃശ്ചികത എന്നതിനേക്കാളുപരി നമ്മുടെ രാജ്യം ജനതയുടെ വലിയൊരു വിഭാഗത്തെ വിസ്മരിക്കുന്നു എന്ന ഓർമപ്പെടുത്തലാണ്‌. ഗാന്ധി ഇത്‌ തീർച്ചയായും അർഹിക്കുന്നു................ അദ്ദേഹം ചെയ്ത തെറ്റിനു ശിക്ഷയായി............അനേകം തലമുറകളുടെ രക്തത്തിന്റെയും ജീവന്റെയും വിലയായി ഒടുവിൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ, ജനങ്ങൾക്കു വാഗ്ദാനം ചെയ്ത രാമരാജ്യം സഫലമാക്കാൻ യത്നിക്കാതെ ആശ്രമത്തിലെ പ്രാർത്ഥനകളിലും പ്രഭാഷണങ്ങളിലും ഒതുങ്ങി ഇന്ത്യയെ ഇന്നത്തെ നിലയിലാക്കിയതിന്‌ , അനേകായിരങ്ങളുടെ രക്തം പാഴാക്കിയതിന്‌ ഗാന്ധി ഇതർഹിക്കുന്നു.
ഇതൊരുസിനിമാക്കഥയല്ലേ............ഇതിനെ ചൊല്ലി ഇത്രയേറെ വികാരാധീനനാകുന്നതെന്തിനെന്ന്‌ നിങ്ങൾ ചോദിച്ചേക്കാം. ഇന്ത്യയെ മോശമായി ചിത്രീകരിച്ചിരിക്കുന്നു എന്ന്‌ ബച്ചനും, മുംബൈ നേരിട്ട രണ്ടാം ഭീകരാക്രമണമാണിതെന്ന്‌ ചില ഹോളിവുഡ്‌ മഹാത്മാക്കളും പ്രതികരിച്ച്‌ കഴിഞ്ഞിരിക്കുന്നു!. ചേരിയിൽ നിന്ന്‌ ലോകത്തോടു കഥ പറഞ്ഞ്‌ സമ്പന്നനാകാൻ ഒരു ജമാൽ ഉയർന്നു വന്നു എന്നത്‌ മിഥ്യയാണെങ്കിലും, ചേരികളിലെ ജീവിതം ഇതിലും മെച്ചപ്പെട്ടതാണെന്ന്‌ കരുതാൻ എനിക്കാവില്ല. ഞാൻ ഇതുവരെ മുംബൈ കണ്ടിട്ടില്ല.
പക്ഷേ, യാത്രകളിൽ കേരളത്തിനകത്തും പുറത്തും കണ്ടുമുട്ടിയ ബാല്യങ്ങൾക്ക്‌ ഇത്ര തന്നെ തീക്ഷ്ണമായ കഥകൾ പറയാനുണ്ടായിരുന്നു. ജമാലിന്റെ കുട്ടിക്കാലം എന്നെ ഹോഗനയ്കൽ വച്ച്‌ കണ്ടുമുട്ടിയ അറുമുഖനെയാണ്‌ ഓർമിപ്പിച്ചതു. രജനീകാന്തിന്റെ ഫോട്ടോ എപ്പോഴും കൂടെ കൊണ്ടു നടക്കുന്ന അവനോട്‌ പേരു ചോദിച്ചപ്പോൾ, രജനി സ്റ്റൈലിൽ 'അറുമുഖം' സിനിമയിലെ ഡയലോഗിലൂടെയാണ്‌ അവൻ മറുപടി പറഞ്ഞത്‌. കളിക്കൂട്ടുകാരി അഖിലയെ കുറിച്ച്‌ അവൻ ഭംഗിയായി, ഏറെ പറഞ്ഞു. കുറച്ചു നാണയ്ത്തുട്ടുകൾ നീട്ടിയപ്പോൾ പട്ടിണി കിടന്നാലും ഭിക്ഷയെടുക്കരുതെന്ന്‌ അപ്പാ പറഞ്ഞിട്ടുണ്ട്‌ എന്നവൻ പറഞ്ഞു............................ഇതും ഇന്ത്യയാണ്‌ .നമ്മുടെ രാഷ്ട്രീയക്കാർ പറയാൻ പേടിച്ച ഇന്ത്യ .



സിനിമ കണ്ട ധനമന്ത്രി ചിദംബരത്തിന്റെ പ്രതികരണം രസകരമായിരുന്നു,
"സ്ലം ഡോഗ്‌ മില്ല്യണയർ ചേരികളിലെ വ്യാപാര സാധ്യതയാണ്‌ വെളിച്ചത്ത്‌ കൊണ്ടുവന്നിരിക്കുന്നത്‌. ചേരി നിവാസികൾക്ക്‌ വായ്പ നൽകാൻ ബാങ്കുകളെ പ്രേരിപ്പിക്കാൻ ഈ പ്രമേയം ഉപകാരപ്പെടും.!!!!!. ചേരികളിലെ കുട്ടികൾ കോർപ്പറേറ്റ്‌ ഇന്ത്യയിൽ ഒട്ടും പിറകിലല്ല എന്ന്‌ ഈ സിനിമ പറയുന്നു..........................................."
ഇങ്ങനെ പോകുന്നു ആ ചിത്രവധം. പ്രമേയത്തെ വിപരീത അർത്ഥത്തിൽ ചിത്രീകരിച്ചതു വിവരക്കേടല്ല, ഒരു മുതലാളിത്ത സാമ്പത്തിക വിദ്ഗ്ധന്റെ കുടില തന്ത്രമാണ്‌. ചേരികളിലെ ഒട്ടേറെ പേർ ജമാലിനെ പോലെ ഉയർന്ന നിലയിലെത്തുന്നുണ്ട്‌ എന്ന മഹത്തായ സന്ദേശമാണ്‌ സിനിമ നൽകുന്നതെന്നും ഇന്ത്യക്കതിൽ അഭിമാനിക്കാമെന്നും ഒരു പക്ഷെ മന്മോഹൻജി പ്രതികരിച്ചാൽ അത്ഭുതപ്പെടാനില്ല.
അറുപതാമത്‌ റിപ്പബ്ലിക്‌ ദിനം കൂടി കടന്നു വന്നിരിക്കുന്നു. ഇന്ത്യ ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റു രാഷ്ട്രമായിട്ട്‌ 59 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എവിടെയാണ്‌ ഇന്ന്‌ ഇന്ത്യൻ ജനാധിപത്യം എത്തി നിൽക്കുന്നത്‌?. അധികാരം വികേന്ദ്രീകരിച്ച്‌ ജനങ്ങളിലെത്തിക്കുന്നു എങ്കിലും, അത്‌ കേന്ദ്രീകരിച്ചു വരുമ്പോൾ ജനങ്ങളിൽ നിന്ന്‌ ഏറെ അകന്നു പോകുന്നു. പ്രധാനമന്ത്രി ഉൾപ്പെടെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരൊന്നും തന്നെ ബാലറ്റു പേപ്പറിൽ ഭാഗ്യം പരീക്ഷിച്ചവരല്ല. നാളെ ചിലപ്പോൾ അംബാനിയോ മറ്റോ രാജ്യ സഭ വഴി പ്രധാനമന്ത്രി ആയെന്ന വാർത്ത കേട്ടാൽ ഞെട്ടേണ്ടതില്ല...................മതേതരത്വം ഇന്ന്‌ ഇന്ത്യയിൽ ഉണ്ടാക്കിയെടുക്കേണ്ട ഒന്നായിരിത്തീർന്നിരിക്കുന്നു.
ഈ സാഹചര്യത്തിലാണ്‌ സ്ലം ഡോഗ്‌ മില്യണയർ എന്ന സിനിമ സാമൂഹിക വിപ്ലവത്തിന്‌ നിലമൊരുക്കുന്ന കലാസൃഷ്ടിയാകുന്നത്‌.

മരണം വരെ പട്ടിണികിടക്കാനും, കാലു കഴയ്കും വരെ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങാനുമുള്ള സ്വാതന്ത്ര്യം നമുക്കു വേണ്ട.............................

ഇനിയും പിറക്കട്ടെ കവിതകൾ.....................
സാമ്രാജ്യത്വമേ, ഇനിയും ചോദിക്കൂ ചോദ്യങ്ങൾ..........
അടിച്ചമർത്തപ്പെട്ടവർക്ക്‌
ഇനിയുമേറെ പറയാനുണ്ട്‌.....................................

ബോധിസത്വൻ

My photo
peruvazhikkadavu, calicut, kerala, India